പഴയ നിയമത്തിൽ രാജാക്കന്മാരുടെ മൂന്നാമത്തെ പുസ്തകത്തിൽ പാലസ്തീനെ ബാധിച്ചിരിക്കുന്ന അതികഠിനമായ വരൾച്ചയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കാർമലീത്ത മലയിൽ താമസിച്ചിരുന്ന ഏലിയാ പ്രവാചകനും അനുയായികളും ഈ വരൾച്ചയിൽ നിന്ന് രക്ഷ നേടുന്നതിനായി ദൈവത്തോട് വിളിച്ചപേക്ഷിക്കുകയുണ്ടായി.

കർമലമലയിൽ ഏലിയാ എഴു പ്രാവശ്യം മഴയ്ക്കുവേണ്ടി പ്രാർത്ഥിച്ചു. ഏഴാമത്തെ പ്രാവശ്യത്തെ പ്രാർത്ഥന കഴിഞ്ഞപ്പോൾ ചക്രവാളത്തിൽ ഒരു ചെറിയ മേഘം പ്രത്യക്ഷപ്പെട്ടു. സമുദ്രത്തില്‍ നിന്ന് ഒരു മേഘം ഉയർന്നു. മേഘങ്ങളും കാറ്റും കൊണ്ട് ആകാശം ഇരുണ്ടു പോയി. ഒരു വലിയ മഴ പെയ്തു. കർത്താവിൻറെ ആത്മാവ് ഏലിയായുടെ കൂടെയുണ്ടായിരുന്നു. അക്കാലത്ത് ഏലിയായ്ക്ക് മറ്റൊരു ദർശനം ഉണ്ടായി. പാപത്തിന്റെ വരൾച്ചയിൽ നിന്ന് മനുഷ്യരെ രക്ഷിക്കുന്ന മിശിഹായെ ലോകത്തിന് നൽകാൻ തെരഞ്ഞെടുക്കപ്പെട്ട കന്യകയുടെ ദർശനം. അതിനാൽ ഈ കന്യകാ മാതാവിൻറെ വരവിനായി പ്രാർത്ഥിക്കാൻ ഏലിയ തൻറെ ശിഷ്യഗണത്തോട് നിർദ്ദേശിച്ചു.നൂറ്റാണ്ടുകൾക്ക് ശേഷം തന്റെ ജീവിതകാലത്ത് പരിശുദ്ധ കന്യകാമറിയം ഈ വിശുദ്ധ പർവ്വതം സന്ദർശിച്ചിരുന്നു.

ക്രിസ്തുവിന് 12 നൂറ്റാണ്ടിനുശേഷം ഇംഗ്ലണ്ടിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജീവിച്ചിരുന്ന സൈമൺ സ്റ്റോക്ക് എന്ന യുവാവിന് കുട്ടിക്കാലം മുതലേ മാതാവിനെ ഇഷ്ടമായിരുന്നു. ചെറുപ്പത്തിൽ തന്നെ അദ്ദേഹം ഒരു സന്യാസിയായിതീർന്നു. ഒരു വലിയ മരത്തിൻറെ പൊത്തിൽ അദ്ദേഹം താമസിച്ചു. ഒരു ചെറിയ നായ അവന് റൊട്ടിയുടെ പുറന്തോട് കൊണ്ടുവന്നു കൊടുക്കുമായിരുന്നു. സൈമൺ മാതാവിന് വേണ്ടി കവിതകൾ രചിക്കുകയും മാതാവിൻറെ പേര് മരങ്ങളിൽ കൊത്തിയിടുകയും ചെയ്യുമായിരുന്നു. മാതാവിൻറെ ആരാധനാലയങ്ങളിലേക്ക് അദ്ദേഹം തീർത്ഥാടനം നടത്തുമായിരുന്നു. പലപ്പോഴും അവൾ ദർശനങ്ങളിൽ പ്രത്യക്ഷപ്പെട്ടു അവനെ നയിക്കുകയും ഉപദേശിക്കുകയും ചെയ്തു.ഒരു അവസരത്തിൽ, പരിശുദ്ധ കന്യക ഏതാനും വർഷങ്ങൾക്കുള്ളിൽ കാർമൽ പർവതത്തിൽ നിന്ന് ചില വിശുദ്ധ സന്യാസിമാർ വരുമെന്നും അവരുടെ ഓർഡറിൽ ചേരണമെന്നും അവനോട് വെളിപ്പെടുത്തി.

വിശുദ്ധ സൈമൺ സ്റ്റോക്ക് നാല്പതാം വയസ്സിൽ വൈദികനായി. ഈ കാലഘട്ടത്തിൽ കർമലീത്ത സന്യാസ സഭയിൽപ്പെട്ട ചില സഹോദരന്മാരെ അദ്ദേഹം കണ്ടുമുട്ടി. വർഷങ്ങളോളം അവരുടെ കഠിനമായ ജീവിതചര്യ അദ്ദേഹം അഭ്യസിച്ചു. തന്റെ ജന്മദേശമായ ഇംഗ്ലണ്ട് ഉപേക്ഷിച്ച് സൈമൺ വിശുദ്ധ നാടുകളിലേക്ക് പോയി. പക്ഷേ മുസ്ലീങ്ങൾ കുരിശു യുദ്ധകാലത്ത് വിശുദ്ധനാടുകൾ ആക്രമിച്ചപ്പോൾ അദ്ദേഹം മടങ്ങിയെത്തി. കർമലീത്ത സന്യാസ സഭയിൽ ചേരുകയും ഒടുവിൽ അവിടുത്തെ സൂപ്പീരിയർ ആയി തിരഞ്ഞെടുക്കുകയും ചെയ്തു.

നല്ലൊരു ധ്യാനാത്മകമായ സന്യാസമൂഹത്തെ വാർത്തെടുക്കുന്നതിനുള്ള കഠിനമായ പരിശ്രമത്തിൽ അദ്ദേഹം ക്ഷീണിതനും രോഗിയുമായി മാറി.1251ലെ വേനൽക്കാലത്ത് തടസ്സങ്ങളും നാശങ്ങളും തൻറെ പ്രിയപ്പെട്ട സന്യാസ സമൂഹത്തെ ഭീഷണിപ്പെടുത്തിയപ്പോൾ, വൃദ്ധനായ സൈമൺ തൻറെ സന്യാസ ആശ്രമത്തിലേക്ക് പിൻവാങ്ങി. 1251 ജൂലൈ 16 ന് കർമലീത്ത സമൂഹത്തിന്റെ രക്ഷാധികാരി ആയ പരിശുദ്ധ മാതാവിനോട് നിലവിളിച്ചു പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞപ്പോൾ പ്രകാശത്തിന്റെ ഒരു മഹാപ്രവാഹം അദ്ദേഹത്തിൻ്റെ മുറിയിൽ നിറഞ്ഞു. കൈയിൽ ശിശുവായ ഉണ്ണീശോടൊപ്പം മാതാവ് പ്രത്യക്ഷപ്പെട്ടു. ഈ ഒരു വാഗ്ദാനത്തോടെ മാതാവ് അദ്ദേഹത്തിന് Brown Scapular (വെന്തിങ്ങ) സമ്മാനിച്ചു.

“എൻറെ പ്രിയപ്പെട്ട മകനെ ഈ Brown Scapular (വെന്തിങ്ങ) സ്വീകരിക്കുക. ഇത് നിങ്ങൾക്കും എല്ലാ കർമലീത്ത സന്യാസികൾക്കും ഉള്ള ഒരു പദവി ആയിരിക്കും. ഈ Brown Scapular (വെന്തിങ്ങ) ധരിച്ച് ഭക്തിപൂർവ്വം മരിക്കുന്ന ആരും, നിത്യാഗ്നിയിൽ പ്രവേശിക്കുകയില്ല.”

മാതാവും ഉണ്ണീശോയും അപ്രത്യക്ഷമായതിനുശേഷം വിശുദ്ധ സൈമൺ സന്തോഷത്താലും നന്ദിയാലും തുള്ളിച്ചാടി. മാതാവ് സമ്മാനിച്ച Brown Scapular (വെന്തിങ്ങ) തന്റെ സഹസന്യാസിമാരെ വിളിച്ച് കാണിക്കുകയും ചെയ്തു. നമ്മുടെ കർത്താവ് കർമ്മലീത്താ സന്യാസിമാരെ “എൻറെ അമ്മയുടെ ഓർഡർ (സന്യാസ സമൂഹം)” എന്ന് വിളിച്ചിട്ടുണ്ട്. അന്നത്തെ മാർപാപ്പയായിരുന്ന ഇന്നസെൻറ് നാലാമനും അക്കാലത്തെ ഇംഗ്ലണ്ടിലെ രാജാവും ഈ കർമ്മലീത്തസമൂഹത്തെ സംരക്ഷിക്കുന്നതിനായി ഔദ്യോഗികമായ കല്പനകൾ പുറപ്പെടുവിച്ചു. എന്നാൽ ഇംഗ്ലണ്ടിലെ റീഫോർമേഷൻ കാലഘട്ടത്തിൽ ഹെൻട്രി എട്ടാമൻ ഈ സന്യാസ സമൂഹത്തെ പിരിച്ചുവിടുകയും, അവരുടെ വസ്തുവകകൾ കണ്ടുകെട്ടുകയോ വില്ക്കുകയോ ചെയ്തു.

നൂറ്റാണ്ടുകൾക്ക് ശേഷം 1949-ൽ, അസാധാരണമായി പഴയ കർമ്മല സന്യാസ സമൂഹത്തിന്റെ ബിൽഡിംഗ് വിൽപ്പനയ്ക്ക് വരികയും, അവശേഷിച്ചിരുന്ന സന്യാസികൾ അത് തിരിച്ചു വാങ്ങുകയും ചെയ്തു. 1965-ൽ പുതുക്കിപ്പണിതതിനുശേഷം, ഈ മാതാവിൻറെ തീർത്ഥാടന കേന്ദ്രം, വീണ്ടും സന്യാസ ജീവിതത്തിന് സമർപ്പിക്കുകയും ചെയ്തു. പ്രാർത്ഥിച്ചാൽ ഉപേക്ഷിക്കാത്ത, എത്ര വർഷങ്ങൾക്കുശേഷവും നമ്മുടെ വേദനകളിൽ ഇടപെടുന്ന പരിശുദ്ധ അമ്മ, നീണ്ട 8 നൂറ്റാണ്ടുകൾക്ക് ശേഷം, Aylsford-ന് അതിൻറെ പൂർവ്വകാലപ്രൗഡി തിരിച്ചു കൊടുത്തു. പ്രത്യാശയോടും വിശുദ്ധിയോടും കൂടെ നമുക്കും ഈ തീർത്ഥാടനത്തിൽ പങ്കെടുക്കാം.നമ്മുടെ അപേക്ഷകൾ, അത് എന്തുതന്നെയായാലും, എത്ര വർഷം കഴിഞ്ഞാലും, മാതാവ് കൈവിടുകയില്ല. ഈ മാസം 25-ന് നടക്കുന്ന തീർത്ഥാടനത്തിൽ നമ്മുടെ രൂപത അധ്യക്ഷനോടൊപ്പം പങ്കുചേരുവാൻ ദൈവം നമ്മളെ അനുവദിക്കട്ടെ.

Those seeking Our Lady of Mount Carmel’s intercession for a special intention may request her graces through this prayer: